
ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് കയര്‍ത്ത മുകേഷിനെതിരെ പരാതി
July 5, 2021 9:10 am
0
കൊല്ലം: ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പരാതി. എം.എസ്.എഫ് ആണ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്. സഹായം അഭ്യര്‍ഥിച്ച വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാര്‍ഥിയോടാണ് എം.എല്‍.എ കയര്‍ത്തത്. ഞായറാഴ്ച രാവിലെ മുതലാണ് ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ‘ഹലോ സര്, ഞാന്‍ പാലക്കാട്ടുനിന്നാണെ‘ന്ന് പറഞ്ഞാണ് വിദ്യാര്‍ഥി വിളിച്ചത്. ‘ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാല്, മീറ്റിങ്ങില്‍ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എം.എല്‍.എ എന്നയാള്‍ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാല്‍ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് –മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്ബര്‍ കൂട്ടുകാരന് തന്നതാണെന്നു പറഞ്ഞപ്പോള്‍ അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോള്‍ അവിടത്തെ എം.എല്‍.എയെ കണ്ടുപിടിക്ക്, മേലാല്‍ തന്നെ വിളിക്കരുതെന്ന് പറഞ്ഞാണ് മുകേഷ് ഫോണ്‍ കട്ട് ചെയ്തത്.
അതേസമയം, ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിനു ശേഷം തന്നെ പ്രകോപിപ്പിക്കാന്‍ ആസൂത്രിതമായ ഇത്തരം വിളികള്‍ വരുന്നുണ്ട്. എന്നെ വിളിച്ചയാള്‍ നിഷ്കളങ്കനാണെങ്കില്‍ എന്തിന് റെക്കോഡ് ചെയ്തു.
സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകര്‍ത്താവിന്റെ സ്നേഹത്തോടെയാണ്. ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരാന്‍ പൊലീസിന് പരാതി നല്‍കുമെന്നും മുകേഷ് പറഞ്ഞു.