
ടി.പി.ആര്‍ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
July 5, 2021 8:54 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും കോവിഡ് സാഹചര്യം വിലയിരുത്തുക.
ലോക്ക്ഡൗണിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അഞ്ച് ശതമാനത്തിലെത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷെ ടി.പി.ആര്‍ പത്തിന് താഴെ എത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി രോഗവ്യാപന നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്.
നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടി.പി.ആര്‍ പതിനെട്ടിന് മുകളിലുള്ള 88 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ മേഖലകളില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. ടി.പി.ആര്‍ 12-18 ശതമാനത്തിലുള്ള 293 പ്രദേശങ്ങളുമുണ്ട്.
മൂന്ന് ജില്ലകളിലാണ് പതിനായിരത്തിലധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. പതിനാലായിരത്തില്‍ കൂടുതല്‍ സജീവ കേസുകളുള്ള മലപ്പുറത്താണ് രോഗവ്യാപനം കൂടുതല്‍. കോഴിക്കോടും, എറണാകുളവുമാണ് കോവിഡ് രോഗികള്‍ കൂടുതലുള്ള മറ്റ് രണ്ട് ജില്ലകള്‍.