
വൈ. അനില്‍ കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു
June 30, 2021 6:28 pm
0
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ചുമതലയേറ്റു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഡി.ജി.പിയുടെ അധികാരത്തിന്‍റെ പ്രതീകമായ ബാറ്റണ്‍ ഏറ്റുവാങ്ങി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഡല്‍ഹി സ്വദേശിയായ അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തില്‍ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. 2022 ജനുവരിയില്‍ വിരമിക്കുന്നതിനാല്‍ ഏഴുമാസം മാത്രമാണ് ഡി.ജി.പി പദവിയില്‍ ഉണ്ടാവുക.
കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട്ടില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേന്ദ്ര ഡെപ്യൂേട്ടഷനില്‍ ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയി ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമീഷണര്‍ എന്നീ തസ്തികകളും വഹിച്ചു.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത്.
പരേതനായ റുമാല്‍ സിങ്ങാണ് പിതാവ്. ശകുന്തള ഹാരിറ്റ് മാതാവുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്. നേരത്തെ ടോമിന്‍.ജെ തച്ചങ്കരി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ കേരളത്തില്‍ നിന്ന് ഡി.ജി.പി സ്ഥാനത്തേക്കായി അയച്ചിരുന്നു. എന്നാല്‍, മൂന്ന് പേരുകള്‍ മാത്രമാണ് യു.പി.എസ്.സി കേരളത്തിന് കൈമാറിയത്.