
രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ല; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം
June 25, 2021 5:23 pm
0
കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. ഐഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തി. അറസ്റ്റ് ചെയ്താല്‍ അന്‍പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലും വിട്ടയയ്ക്കണം. നേരത്തെ ഒരാഴ്ചത്തേക്ക് കോടതി ഐഷയ്ക്കു ജാമ്യം അനുവദിച്ചിരുന്നു.
പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവച്ചതായോ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനോ അകല്‍ച്ചയ്‌ക്കോ കാരണമായതായി കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവില്‍ പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍‘ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ഇളവ് ചെയ്തതോടെ ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചെന്നായിരുന്നു ഐഷയുടെ ആരോപണം.
സംഭവത്തില്‍ കവരത്തി പൊലീസ് ഐഷയെ മൂന്നു തവണ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി പത്ത് മണിക്കൂറിലധികം സമയം ഐഷയെ ചോദ്യം ചെയ്തു.
“എല്ലാം കഴിഞ്ഞു. എനിക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്ന് പറഞ്ഞു“, നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ താന്‍ കൊച്ചിയില്‍ എത്തുമെന്ന് വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം ഐഷ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.