
ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യമനുവദിച്ചു
June 25, 2021 2:18 pm
0
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് ജാമ്യം അനുവദിച്ച് കോടതി. സിബിഐയെടുത്ത കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് സിബി മാത്യൂസിന് ജാമ്യമനുവദിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്നതിന് തെറ്റായ രേഖകള്‍ ചമച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് സിബിഐ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നത്. ചാരക്കേസ് പ്രതിയായിരുന്ന നമ്ബി നാരായണന്റെ പരാതിപ്രകാരം സുപ്രീംകോടതി നിയോഗിച്ച ജസ്‌റ്റിസ് ജയിന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രകാരം കോടതി സിബിഐയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് മേയ് മാസത്തില്‍ സിബിഐ ഗൂഢാലോചന കേസ് ഏറ്റെടുത്തത്.
സംഭവ സമയത്ത് പേട്ട സി.ഐയായിരുന്ന എസ്.വിജയന്‍ ഒന്നാം പ്രതിയായും,സിബി മാത്യൂസ് നാലാം പ്രതിയായും, കെ.കെ ജോഷ്വ അഞ്ചാം പ്രതിയായും ഐ.ബി ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ഏഴാം പ്രതിയായുമാണ് കേസെടുത്തത്. അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആര്‍ രാജീവന്‍, തമ്ബി എസ്.ദുര്‍ഗാദത്ത് എന്നിവരും കേസില്‍ പ്രതികളാണ്.
പ്രതികള്‍ക്കെതിരെ മര്‍ദ്ദനത്തിനും ഗൂഢാലോചനക്കും കേസെടുത്തു. പ്രതികളെല്ലാം അന്ന് ഐബിയിലെയും പൊലീസിലെയും ഉദ്യോഗസ്ഥരായിരുന്നു. ചാരക്കേസില്‍ പ്രതിയായിരുന്ന നമ്ബി നാരായണന്‍ നിരപരാധിയാണെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.