Wednesday, 14th May 2025
May 14, 2025

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് സതീശനും സുധാകരനും, ഗ്രൂപ്പ് നേതാക്കന്മാരെ തണുപ്പിക്കാന്‍ കൂടിക്കാഴ്‌ച നടത്തി നേതാക്കള്‍

  • June 23, 2021 2:26 pm

  • 0

തിരുവനന്തപുരം: പുനഃസംഘടന വിഷയത്തില്‍ സമവായം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്ബ് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ് പൊതുവികാരമെന്നും എണ്ണം രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിക്കാമെന്നുമാണ് നേതാക്കളുടെ കൂടിക്കാഴ്‌ചയിലെ ധാരണയെന്ന് വി ഡി സതീശന്‍ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴില്ലെങ്കില്‍ ഇനി ഇല്ലെന്ന തരത്തില്‍ സമീപിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷപ്പെടാനാകുവെന്നും അതിനുള്ള സുവര്‍ണ അവസരമാണ് പുനഃസംഘടനയെന്നും ഗ്രൂപ്പ് മാനേജര്‍മാരെ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി ബോദ്ധ്യപ്പെടുത്താന്‍ കൂടിയായിരുന്നു യോഗംകേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അടിമുടി മാറ്റം വേണമെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും ഉറച്ച്‌ നില്‍ക്കുകയാണ്. ഭാരവാഹികളുടെ എണ്ണം പത്തില്‍ ഒതുക്കണമെന്നാണ് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഉറപ്പിക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇത് അംഗീകരിച്ചിരുന്നില്ല.

സംഘടനാ സംവിധാനത്തിന് എന്തെല്ലാം ന്യൂനതകള്‍ ഉണ്ടോ അതെല്ലാം പരിഹരിച്ച്‌ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന തന്നെയാണ് അജണ്ടയെന്നും വി ഡി സതീശന്‍ പറഞ്ഞു. അടിമുടി മാറ്റം വേണമെന്നത് പൊതു വികാരം ആണ്. എല്ലാവരെയും ഒരുമിച്ച്‌ നിര്‍ത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാണ് ആലോചിക്കുന്നതെന്നും സമയബന്ധിതമായി ഭാരവാഹി നിര്‍ണ്ണയും പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഹൈക്കമാന്‍ഡ് അനുമതി കൂടി വാങ്ങിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന ഉറപ്പ് രാഹുല്‍ ഗാന്ധി നേതാക്കളെ നേരിട്ട് വിളിച്ച്‌ അറിയിച്ചതായും വിവരമുണ്ട്. എന്തായാലും നേതാക്കളുമായി പ്രത്യക്ഷമായ അഭിപ്രായ വ്യത്യാസത്തിന് നില്‍ക്കാതെ അവരുടെ കൂടി താത്പര്യപ്രകാരം പുനഃസംഘടന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് പുതിയ നേതൃത്വത്തിം തീരുമാനിച്ചിരിക്കുന്നത്. രാഷ്‌ട്രീയകാര്യസമിതി യോഗത്തിന് മുന്നോടിയായി വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായി കെ പി സി സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇപ്പോള്‍ കൂടിക്കാഴ്‌ച നടത്തുകയാണ്.