
വിസ്മയയുടെ മരണം: ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും
June 23, 2021 8:50 am
0
കൊല്ലം: വിസ്മയയുടെ മരണത്തില്‍ കേസന്വേഷത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികള്‍ ഐജി വിലയിരുത്തും. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.
ശൂരനാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിസ്മയയുടെ മാതാപിതാക്കളില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് വിസ്മയയുടെ കുടുംബം പറയുന്നത്. വാട്സാപ് ചാറ്റുകളും മര്‍ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിന് കൈമാറിയെന്ന് സഹോദരന്‍ വിജിത് പറഞ്ഞു. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്ത കിരണിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
കൊലപാതകമെന്ന് ആവര്‍ത്തിച്ച് കുടുംബം
വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവര്‍ത്തിച്ചു പറഞ്ഞ് കുടുംബംയ. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ അത് അംഗീകരിക്കുന്നില്ല. വിസ്മയ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യ ചെയ്തെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറയുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലില്ല. കഴുത്തിലെ പാട് കണ്ടാല്‍ തൂങ്ങി മരിച്ചതാണെന്ന് തോന്നില്ല.
വിസ്മയയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. മരണത്തിന്റെ തലേ രാത്രിയും പരീക്ഷ എഴുതാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിന്റെ വിഷമമാണ് വിസ്മയ അമ്മയോട് പറഞ്ഞത്. പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണം അയച്ചുതരണമെന്നും അമ്മയോടു പറഞ്ഞിരുന്നു.
അതേസമയം, മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാവുന്നത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹ്യവിപത്താണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടില്‍പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശുചിമുറിയില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നുമാണ് കിരണിന്റെ മൊഴി.