Sunday, 11th May 2025
May 11, 2025

വിവാദങ്ങളില്‍ വലഞ്ഞ് ബി.ജെ.പി; കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

  • June 9, 2021 10:02 am

  • 0

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം തുടങ്ങി വിവാദങ്ങളില്‍ വലഞ്ഞ് കേരള ബി.ജെ.പി. എല്ലാത്തിനും പരിഹാരമാലോചിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് പുറമേ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി സുരേന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരനും സുരേന്ദ്രനോടൊപ്പം നേതാക്കളെ കാണും.

നേരത്തെ തന്നെ കേരളത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ വിളിപ്പിച്ചതല്ലെന്നും പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ബി.ജെ.പി വേട്ടയെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാന്‍ സമയം ചോദിച്ച്‌ അത് അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയതെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍ക്കുന്ന വിശദീകരണം.