
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും ; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപ
June 4, 2021 1:06 pm
0
കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത്. സൗജന്യ വാക്‌സിന് ഇത്തവണ കൂടുതല്‍ പരിഗണന നല്‍കിയത് പ്രശംസ പിടിച്ചുപറ്റി. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ഈ ഘട്ടത്തിലെ നിര്‍ണായക ദൗത്യം. ഇതിന് കേരളം സജ്ജമാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ആണെങ്കില്‍ പോലും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ ചില നയപരമായ തീരുമാനങ്ങള്‍ ഇപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതെല്ലാം ഏതുവിധേനയും പരിഹരിച്ച് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഉത്തരവാദിത്വത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയാണ്. പക്ഷേ പൗരന്മാരുടെ ആരോഗ്യം എന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തുന്നു. വാക്‌സിന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനം ആസൂത്രണം ചെയ്യും എന്നും ധനമന്ത്രി വ്യക്തമാക്കി.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാക്‌സിന്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്‌സിന്‍ ഗവേഷണം കേരളത്തില്‍ ആരംഭിക്കേണ്ടതുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ വാക്‌സിന്‍ ഗവേഷണം ആരംഭിക്കുന്നതാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
നമ്മുടെ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ മികവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മാതൃകയില്‍ ഒരു സ്ഥാപനം കേരളത്തില്‍ തുടങ്ങുവാന്‍ കഴിയുന്നത് മെഡിക്കല്‍ റിസര്‍ച്ചിനും സാംക്രമികരോഗ നിവാരണത്തിനും ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ മള്‍ട്ടി ഡിസിപ്ലിനറി, ഇന്റഗ്രേറ്റഡ് വൈദഗ്ധ്യം നല്‍കുന്നതിനുള്ള ഒരു മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുവാന്‍ സജ്ജമാകുന്ന രീതിയിലായിരിക്കും ഈ സ്ഥാപനം വിഭാവനം ചെയ്യുന്നത്. ഇതു ലക്ഷ്യമിട്ടുകൊണ്ട് ഒരു സാധ്യതാപഠനം നടത്തുവാനും വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുവാനും 50 ലക്ഷം രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.