
സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെ ;ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടും
May 22, 2021 9:22 am
0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെ. ഈ മാസം 31 ന് തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കാലവര്‍ഷം ആന്തമാനില്‍ എത്തിച്ചേര്‍ന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലേക്കും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ചക്രവാതചുഴി സമുദ്ര നിരപ്പില്‍ നിന്ന് 3.1 കി.മീ – 5.8 കി.മീ ഉയരത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാപിച്ചുകിടക്കുകയാണ്. ഇതിന്‍ സ്വാധീനത്താല്‍ ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഈ ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു തിങ്കളാഴ്ചയോട് കൂടി യാസ് ചുഴലിക്കാറ്റായി മാറാനും തുടര്‍ന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാള്‍ തീരത്തു ബുധനാഴ് രാവിലെ എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
നേരത്തെ ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. ഇക്കുറി സംസ്ഥാനത്ത് സാധാരണ രീതിയില്‍ തന്നെ മഴ ലഭിക്കുമെന്നാണ് വിവരം.