
യാസ് ചുഴലിക്കാറ്റ് വരുന്നു; കാലവര്‍ഷത്തിന് മുന്‍പേ സംസ്ഥാനത്ത് മഴ കനക്കും
May 20, 2021 9:50 am
0
തിരുവനന്തപുരം: വലിയ നാശനഷ്ടമുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തേക്ക്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ശനിയാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം 72 മണിക്കൂറിനകം ‘യാസ്‘ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. യാസിന്റെ സഞ്ചാര പദത്തില്‍ കേരളമില്ല. എന്നാലും സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തീവ്ര മഴയ്ക്കും കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
25 മുതല്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വെള്ളിയാഴ്ചയോടെ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31-നോ അതിന് നാലുദിവസം മുമ്ബോ കേരളത്തിലെത്തുമെന്നാണ് പ്രവചനം.
കേരളതീരത്ത് മീന്‍പിടിത്തത്തിന് തടസ്സമില്ലെങ്കിലും ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട് തീരത്തും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശനി, ഞായര്‍ മീന്‍പിടിത്തത്തിന് പോകരുത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ചുഴലിക്കാറ്റായി മാറിയാല്‍ ‘യാസ്‘ എന്ന പേരിലാവും അറിയപ്പെടുക. യാസിന്റെ സാന്നിധ്യം ഉപഗ്രഹങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥാകേന്ദ്രം ഇതിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. ഒമാനാണ് കാറ്റിന് പേരിട്ടത്. അശുഭകരം, വിഷാദാത്മകം എന്നൊക്കെയാണ് ഈ ഉറുദു വാക്കിന്റെ അര്‍ത്ഥം.