
സര്‍ക്കാരിന്‍റെ ലോക്ക്‌ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്‌തി; ഇളവുകള്‍ കുറയ്‌ക്കണമെന്ന് ആവശ്യം
May 7, 2021 10:38 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ലോക്ക്‌ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്‌തി. ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ക്‌ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതും നിര്‍മ്മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്നാണ് പൊലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
അതേസമയം, അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ചരക്കുവാഹനങ്ങള്‍ തടയില്ല. ഭക്ഷ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എന്നാല്‍ എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണമെന്നും ഇതിനു തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. ഹോംനഴ്‌സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് ജോലിക്കു പോവാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടും. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാവില്ല. പെട്രോള്‍ പമ്ബുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തും.
കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വിവാഹങ്ങളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. അത്യാവശ്യ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാം. ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമുണ്ടാകില്ല.