
ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് –കെ. മുരളീധരന്‍
May 5, 2021 3:22 pm
0
തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കേണ്ടെന്ന് കെ.മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകര്‍ന്ന് പോവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് വലിയ ദുഃഖമെന്നും മുരളീധരന്‍ പരിഹസിച്ചു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം.
പഞ്ചാബില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ ശക്തമായ സര്‍ക്കാറുണ്ട്. പക്ഷേ, സി.പി.എമ്മിന്‍റെ സ്ഥിതി അതല്ല. മുപ്പത് വര്‍ഷം ഭരിച്ച ബംഗാളില്‍ അവര്‍ക്ക് ഒരു എം.എല്‍.എ പോലുമില്ലെന്ന് ഒാര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ അക്കൗണ്ട് േക്ലാസ് ചെയ്യാനും സീറ്റ് പിടിച്ചെടുക്കാനുമാണ് എന്നെ നേമത്തേക്ക് പാര്‍ട്ടി നിയോഗിച്ചത്. അക്കൗണ്ട് േക്ലാസ് ചെയ്യാനായി. സീറ്റ് പിടിച്ചെടുക്കാനായില്ല. 2016ല്‍ നിന്ന് 2021 ല്‍ എത്തിയപ്പോള്‍ നേമത്ത് എല്‍.ഡി.എഫിന് 3305 വോട്ട് കുറയുകയാണുണ്ടായത്. ബി.ജെ.പിക്ക് 15925 വോട്ടും കുറഞ്ഞു. യു.ഡി.എഫിന് 22,664 വോട്ട് കൂടുകയാണുണ്ടായത്. ബി.ജെ.പി സ്വാധീന മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനായി. എന്നാല്‍, ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമാക്കാനായില്ല. എസ്.ഡി.പി.ഐ പോലുള്ള സംഘടനകളെ ഉപയോഗിച്ച് സംശയം ജനിപ്പിച്ചത് ന്യൂനപക്ഷ ഏകീകരണം ഇടതുപക്ഷത്തിന് അനുകൂലമാകാന്‍ കാരണമായി. എസ്.ഡി.പി.ഐ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടു മറിച്ചുവെന്ന് അവര്‍ തെന്ന പറഞ്ഞതാണ്.
ഒരു എം.എല്‍.എ പോലും ബി.ജെ.പിക്ക് ഇല്ലാതാകുന്നതില്‍ വ്യക്തമായ പങ്കുവഹിച്ചത് യു.ഡി.എഫാണ്. ഞങ്ങള്‍ക്കതില്‍ സന്തോഷമുണ്ട്. നേമത്ത് ഞങ്ങള്‍ വോട്ട് സമാഹരിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്തും പാലക്കാടും അവരെ തോല്‍പിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പിയെ കാണിച്ച് ഭയപ്പെടുത്തി ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുകയും മറുഭാഗത്ത് ബി.െജ.പി വോട്ടുകള്‍ വാങ്ങുകയുമാണ് ഇടതുപക്ഷം ചെയ്തത്. വത്സന്‍ തില്ലേങ്കരിയെ പോലുള്ളവര്‍ ഇതിന് ഇടനിലക്കാരായി നിന്നു. ഇടതുപക്ഷം ഇപ്പോള്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയും ബി.ജെ.പിയുടെ വളര്‍ച്ചയുമാണ്. എന്നാല്‍, ബി.ജെ.പി ഇനി വളരില്ല. ഡല്‍ഹിയില്‍ അവരുടെ കഷ്ടകാലം തുടങ്ങുകയാണ്. പിന്നെ കേരളത്തിലെ കാര്യം പറയേണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിമര്‍ശിക്കുന്നവരെ മുഴുവന്‍ അപഹസിച്ചുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകും. ന്യൂനപക്ഷ വോട്ടുകള്‍ എന്തുകൊണ്ട് യു.ഡി.എഫിന് എതിരായി കേന്ദ്രീകരിച്ചുവെന്ന് പരിശോധിക്കും. വീഴ്ചകള്‍ വിലയിരുത്താന്‍ രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരുന്നുണ്ട്. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസിന്‍റെ തകര്‍ച്ച ആരും സ്വപ്നം കാണ്ടേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.