Saturday, 3rd May 2025
May 3, 2025

പാലക്കാട് പരാജയപ്പെട്ടെങ്കിലും ശ്രീധരന്റെ ഓഫീസ് പൂട്ടില്ല

  • May 3, 2021 4:20 pm

  • 0

പാലക്കാട് : രാജ്യത്തിന് അഭിമാനാര്‍ഹമായ നിരവധി പദ്ധതികളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഇ ശ്രീധരന് പക്ഷേ തിരഞ്ഞെടുപ്പ് ഗോദായില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുവന്‍ സമയവും പങ്കാളിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാലക്കാട് പട്ടണത്തില്‍ എം എല്‍ എ ഓഫീസ് തുറന്നു എന്നതും വാര്‍ത്തയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന റൗണ്ട് വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് ശ്രീധരന്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്ബിലിനോട് പരാജയം സമ്മതിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ചായി ചര്‍ച്ച. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം മൂന്ന് സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഇ ശ്രീധരന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കാശ്മീരിലെ ദാല്‍ തടാകവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സഞ്ചാരികളുടെ സ്വര്‍ഗമായ കാശ്മീരിലെ ദാല്‍ തടാകം ശുദ്ധീകരിക്കുന്ന പ്രവര്‍ത്തിയാണിത്. ജമ്മു ഹൈക്കോടതി നേരിട്ടാണ് ഈ പ്രവര്‍ത്തി ഇ ശ്രീധരന് നല്‍കിയത്. മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശ്രീധരനെ തിരഞ്ഞെടുത്തത് തന്നെ അദ്ദേഹത്തില്‍ കഴിവില്‍ കോടതിക്കുള്ള പ്രതീക്ഷമൂലമാണ്. ദാല്‍ തടാക പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ചിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ മാസവും തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഓണ്‍ലൈനായി മീറ്റിംഗ് നടത്തുകയും ചെയ്തു.

ന്യൂഡല്‍ഹി ആസ്ഥാനമായ ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്എന്ന സംഘടനയാണ് ശ്രീധരന്റെ അടുത്ത പ്രവര്‍ത്തന മേഖല. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. മെട്രോമാനായി ഡല്‍ഹിയില്‍ തുടരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയെകുറിച്ച്‌ ശ്രീധരന്‍ ആലോചിക്കുന്നത്.

ജന്മനാടായ കേരളത്തിലും ശ്രീധരന് ചെയ്തു തീര്‍ക്കാനൊരു ദൗത്യമുണ്ട്. ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴഎന്ന സംഘടനയുമായി ചേര്‍ന്നാണത്. ഭാരതപ്പുഴയെ പുനരുദ്ധാരണം നടത്തുക എന്നതാണ് ആ ദൗത്യം. ഈ മൂന്ന് ചുമതലകളും പൂര്‍ത്തീകരിക്കാനുള്ള ജോലിത്തിരക്കിലാണ് അദ്ദേഹം.