
സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി
May 3, 2021 4:01 pm
0
തിരുവനന്തപുരം: ‘സെഞ്ച്വറി’ അടിക്കാനിറങ്ങിയിട്ട് പൊരുതാന്‍ പോലുമാകാതെ കോണ്‍ഗ്രസും താനും ‘വന്‍തോല്‍വി’യായ നിരാശയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശോകമൂകമായ ഇന്ദിരാഭവന്‍. വോട്ടെണ്ണുംമുമ്ബേ പരാജയം ഉറപ്പിച്ച കാഴ്ചകളും പ്രതികരണങ്ങളുമായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ കെപിസിസി ആസ്ഥാനത്ത്.
വോട്ടെണ്ണല്‍ ആരംഭിക്കുമ്ബോള്‍ ഇന്ദിരാഭവനിലുണ്ടായിരുന്നത് ഏതാനും ജീവനക്കാരും ശൂരനാട് രാജശേഖരനും മാത്രം. പതിവ് ആളനക്കങ്ങളില്ല. ഫലം അറിയാന്‍ പ്രധാനഹാളിലെ ടിവി പോലും ഓണാക്കാന്‍ മെനക്കെട്ടില്ല. ഒമ്ബതരയോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസിലെത്തി. പ്രചാരണ സമയത്ത് ‘‘യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും അതിശക്തമായ യുഡിഎഫ് അനുകൂല തരംഗമെന്നും’’ ആത്മവിശ്വാസത്തോടെ പറഞ്ഞ പ്രസിഡന്റ് ഇക്കുറി പിരിമുറുക്കത്തോടെ തിരക്കിട്ട് അകത്തേക്ക്. കയറിയ ഉടന്‍ വാതില്‍ അടച്ചിട്ട് ചാനലുകളില്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കാണാന്‍ തുടങ്ങി.
ഫോട്ടോയെടുക്കാന്‍ വേണ്ടി മാത്രം അനുവാദം ചോദിച്ചപ്പോള്‍ ഒരുമിച്ച് വരരുതെന്നും ഒരോരുത്തരായി വന്നാല്‍ മതിയെന്നും നിര്‍ദേശം. പ്രതികരണത്തിന് തയ്യാറായില്ല. മറ്റുനേതാക്കന്മാരോ പ്രവര്‍ത്തകരോ ഇന്ദിരാഭവനിലേക്ക് എത്തിയതുമില്ല. അധ്യക്ഷനെന്ന നിലയില്‍ തോല്‍വിയില്‍ ഉത്തരവാദിത്തമില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി.
വീണ്ടും ചോദ്യം വന്നപ്പോള്‍ ഉത്തരവാദിത്തമുണ്ടെന്ന് മറുപടി. കൂട്ടായ നേതൃത്വമാണ് പാര്‍ടിയെ നയിച്ചതെന്നും ഓര്‍മപ്പെടുത്തല്‍. തുടര്‍ന്ന് സ്വന്തം മുറിയിലേക്ക് ഏകനായി മുല്ലപ്പള്ളി കയറിപ്പോയപ്പോള്‍ അവശേഷിച്ചവരും ഇന്ദിരാഭവന്റെ പടിയിറങ്ങി.