
അടുത്ത ഞായറാഴ്‌ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനുമതി അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രം
May 3, 2021 2:06 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്‌ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രമാകും യാത്രാനുമതിയുണ്ടാകുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും പിഴയും ചുമത്തും. ശനി, ഞായര്‍ ദിവസങ്ങളിലുണ്ടായതിന് സമാനമായ നിയന്ത്രണങ്ങളാകും ഇനി ഞായറാഴ്‌ച വരെ ഉണ്ടാകുക.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനാകില്ല. മരുന്ന്, പഴം, പച്ചക്കറികള്‍, പാല്, മത്സ്യമാംസാദികള്‍ എന്നിവയുടെ കടകളും വര്‍ക്‌ഷോപ്പ്, വാഹനവുമായി ബന്ധപ്പെട്ട കടകള്‍, എന്നിവ ഒന്‍പത് മണിവരെ പ്രവര്‍ത്തിക്കാം. ബെവ്കോയും ബാറുകളും അടയ്‌ക്കും. എന്നാല്‍ കളളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ 10 മുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കാം. കടകളിലെ ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറകളും ധരിക്കണം. റേഷന്‍ കടകള്‍, സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാം.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിക്കില്ല. ഹോം ഡെലിവറിയും പാഴ്‌സലും രാത്രി ഒന്‍പത് വരെ. ദീര്‍ഘദൂര യാത്ര അത്യാവശ്യമെങ്കിലേ അനുവദിക്കൂ. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര അനുവദിക്കും. വാക്‌സിനെടുക്കാന്‍ പോകുന്നവര്‍ക്കോ, ആശുപത്രിയില്‍ പോകുന്നവര്‍ക്കോ യാത്രാ ആവശ്യങ്ങള്‍ക്കായി ബസ് സ്‌റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്കോ അനുവാദമുണ്ട്. അവശ്യ സര്‍വീസിലുളളവര്‍ കൈവശം സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.