Saturday, 3rd May 2025
May 3, 2025

മേഴ്‌സിക്കുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ചില്ലറക്കാരല്ലെന്ന് പൊലീസ്, ഒളിച്ചു താമസിച്ച കോട്ടയ‌്ക്ക് ചുറ്റും പുലികളെ കാവല്‍ നിറുത്തിയിരുന്നു

  • April 30, 2021 4:25 pm

  • 0

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കാറിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വന്തം കാര്‍ കത്തിച്ച്‌ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച സംഭവത്തില്‍ കുണ്ടറയിലെ ഡി.ജെ.എസ്.പി സ്ഥാനാര്‍ത്ഥിയും ഇ.എം.സി.സി എം.ഡിയുമായ കൊച്ചി കുഴുപ്പള്ളി, അയ്യമ്ബള്ളി എടപ്പാട് വീട്ടില്‍ ഷിജു വര്‍ഗീസ് (48), മാനേജര്‍ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തുരുത്തിയില്‍ ശ്രീകാന്ത് (41), ഡ്രൈവര്‍ തിരുവനന്തപുരം മലയിന്‍കീഴ് ഭാഗ്യാലയത്തില്‍ വിനുകുമാര്‍ (41)എന്നിവരെയാണ് കൊട്ടാരക്കര കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികള്‍ ഗൂഢാലോചന നടത്തിയ കൊച്ചി, പാലാരിവട്ടം, ഹരിപ്പാട്, അമ്ബലപ്പുഴ എന്നിവിടങ്ങളിലും സംഭവസ്ഥലത്തും ഇന്നും നാളെയും എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായതിനാല്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മറ്റൊരാളെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്.

മന്ത്രിക്കെതിരെ മത്സരിച്ച തന്നെ ബോംബെറിഞ്ഞ് കാര്‍ കത്തിച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്ന് വരുത്തിതീര്‍ത്ത് ജനവികാരം മന്ത്രിക്കെതിരെ തിരിച്ചു വിടാനാണ് പിടിയിലായ ഷിജു വര്‍ഗീസും കൂട്ടാളികളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ കണ്ണനല്ലൂര്‍ കുണ്ടറ റോഡില്‍ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയില്‍ ബോംബേറ് നാടകം നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ പിടിച്ചത് പുലിമടയില്‍ നിന്ന്

ചാത്തന്നൂര്‍: മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്‌ക്കെതിരെ കൈവിട്ടകളി നടത്തിയ പ്രതികള്‍ താമസിച്ചിരുന്നത് പുലികള്‍ കാവല്‍ നിന്നിരുന്ന കോട്ടയ്ക്കുള്ളില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മന്ത്രിക്കെതിരെ കളിച്ചവര്‍ നിസാരക്കാരല്ലെന്നും പൊലീസ് പറയുന്നു.

സംഭവശേഷം പ്രധാനപ്രതി ഷിജു വര്‍ഗീസും സന്തതസഹചാരിയും മാനേജരുമായ ശ്രീകാന്തും ഒളിവില്‍ കഴിഞ്ഞിരുന്നത് കര്‍ണാടകയുടെയും ഗോവയുടെയും അതിര്‍ത്തിയിലെ വനമേഖലയിലെ കുന്നിന്‍മുകളിലെ കോട്ടയിലായിരുന്നു. കോട്ടയ്ക്കുള്ളിലും ചുറ്റുമായി കാവലിനെന്നോണം വളത്തിയിരുന്നത് പുലികളെയായിരുന്നു. പൊലീസ് ഇവരെ തേടി എത്തുന്നതിന് ഒരാഴ്ച മുമ്ബാണ് കര്‍ണാടക വനപാലകര്‍ രണ്ട് പുലികളെ പിടികൂടി കൊണ്ടുപോയത്.

എന്നാല്‍ കോട്ടയ്ക്കുള്ളില്‍ എട്ട് പുലികളുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന് പിന്നീട് ലഭിച്ച വിവരം. ഇതൊന്നും അറിയാതെയാണ് അന്വേഷണസംഘത്തിലെ പരവൂര്‍ എസ്.എച്ച്‌.ഒ സംജിത്ത് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് കോട്ടയ്ക്കുള്ളില്‍ കടന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് ചാത്തന്നൂര്‍ എ.സി.പി വൈ.നിസാമുദ്ദീന്‍ പറഞ്ഞു.