
എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു
April 28, 2021 2:56 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ച തുടര്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കുന്നതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍, എസ് എസ് എല്‍ സി ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആയിരുന്നു തീരുമാനം. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതല്‍ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.
അതേസമയം, രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വര്‍ധനവുണ്ടായി. 3,60,960 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.
പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷം കടന്നു. ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.
1,79,97,267 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകള്‍. ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.