Friday, 2nd May 2025
May 2, 2025

അഭ്യാസത്തിനൊടുവില്‍ ലൈസന്‍സ്​ നഷ്​ടം

  • April 28, 2021 2:12 pm

  • 0

കൊല്ലം: ലക്ഷങ്ങള്‍ വില‍യുള്ള ബൈക്കില്‍ തീരദേശ റോഡിലൂടെ യുവാവിന്‍റെ സ്​റ്റണ്ട്. അഭ്യാസം പരിധിവിട്ടപ്പോള്‍ പൊലീസ് പിടികൂടി സ്​റ്റേഷനിലെത്തിച്ചു. ഒരു ദിവസം കഴിഞ്ഞ് ബൈക്ക് വിട്ടുകൊടുത്തപ്പോള്‍ സ്​റ്റേഷനില്‍ നിന്നിറങ്ങി വീണ്ടും അഭ്യാസം. പോരാത്തിതിന്​ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ച്‌ വിജയാരവം മുഴക്കലും. എല്ലാം കഴിഞ്ഞപ്പോള്‍ ബൈക്കോടിക്കാനുള്ള ലൈസന്‍സ് പോയികിട്ടി. കാവനാട് സ്വദേശി നിതീഷാണ്​ (22) കഥയിലെ താരം.

ഓവര്‍ സ്പീഡിനും റോഡില്‍ സ്​റ്റണ്ട് നടത്തിയതിനും പരവൂര്‍ പൊലീസാണ് യുവാവിനെ പിടികൂടിയത്. നിയമലംഘനത്തിന്​ പിഴയീടാക്കി വിട്ടയച്ചപ്പോള്‍ സ്​റ്റേഷന്​ മുന്നില്‍ വീണ്ടും ബൈക്കില്‍ അഭ്യാസം കാണിച്ചുസുഹൃത്ത് എടുത്ത വിഡിയോ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ പണിപിന്നാലെ വരുമെന്ന മുന്നറിയിപ്പില്‍ വിഡിയോ പൊലീസും പങ്കുവെച്ചു. സ്​റ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ബൈക്കിന്‍റെ പിന്‍വശം പൊക്കി അഭ്യാസം കാണിച്ച യുവാവിനെ തിരികെ ബൈക്ക് ഉരുട്ടിച്ച്‌ സ്​റ്റേഷനില്‍ എത്തിക്കുന്ന വിഡിയോയാണ് പൊലീസ് നര്‍മത്തിന്‍റെ അകമ്ബടിയോടെ പങ്കുവെച്ചത്.

പൊലീസ് സ്​റ്റേഷനില് ‍നിന്ന് പുറത്തിറങ്ങി അഭ്യാസം കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബൈക്ക് പിടികൂടാന്‍ പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ സഹായം തേടി. കൊല്ലം എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.എ എ.കെ. ദിലുവിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ കല്ലുംതാഴത്തുവെച്ച്‌ യുവാവിനെ ബൈക്കുമായി കസ്​റ്റഡിയിലെടുത്തു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരവൂര്‍ പൊലീസിന്​ കൈമാറി. സ്​റ്റേഷനില്‍ നിന്ന് അഭ്യാസം കാണിച്ചിറങ്ങിപ്പോയ യുവാവിനെ തിരികെ എത്തിച്ചപ്പോള്‍ ബൈക്ക് ഉരുട്ടി എത്തുന്നരീതിയില്‍ വിഡിയോ പൊലീസ് ഉദ്യോഗസ്ഥരാണ് ചിത്രീകരിച്ചത്.

നിതീഷി​െന്‍റ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ എ.കെ. ദിലു അറിയിച്ചു. 2.3 ലക്ഷം രൂപ വിലയുള്ള ബൈക്കാണ്. പല ഭാഗത്തും രൂപമാറ്റം വരുത്തിയിരുന്നു. ആര്‍.സി ബുക്ക് റദ്ദാക്കണമോയെന്ന് പരിശോധിച്ചുവരികയാണ്.