
യുവാവിന്റെ സത്യസന്ധതയില്‍ ജൂവലറി ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 72 പവന്‍ സ്വര്‍ണം
December 4, 2019 3:50 pm
0
ചെറുതുരുത്തി: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ. സ്വര്‍ണ്ണത്തിന്റെ ഉടമയായ ജ്വല്ലറി ജീവനക്കാരനെ തേടി പിടിച്ച് 72 പവന്‍ സ്വര്‍ണ്ണം കൈമാറിയാണ് ആറ്റൂര്‍ ചേരുംപറമ്ബില്‍ ഉദയന്‍ (27)സത്യസന്ധതയുടെ പര്യായമായത്.
ചെറുതുരുത്തി ചുങ്കത്തെ ബിപി ഡിസൈന്‍ ജീവനക്കാരനായ ഉദയന്‍ ബൈക്കില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം പോലീസിന്റെ സാന്നിധ്യത്തില്‍ തിരികെ നല്‍കുകയായിരുന്നു. രാവിലെ ചുങ്കത്തെ ഓഫീസില്‍ വന്നു ഒപ്പിട്ട് കമ്ബനിയുടെ വര്‍ക്ക്് സൈറ്റിലേക്കു പോയതായിരുന്നു സൂപ്പര്‍വൈസറായ ഉദയന്‍. ചായ കുടിക്കാന്‍ വേണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്കിനു മുന്നിലെ കവര്‍ ബാഗ് പൊങ്ങിനില്‍ക്കുന്നതു കണ്ടു. പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം അടങ്ങിയ കവര്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഷൊര്‍ണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സ്വര്‍ണ്ണം കൈമാറുകയായിരുന്നു ഉദയന്‍. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഉദയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയിലുള്ള ജുവല്‍ സിറ്റി ജ്വല്ലറിയിലെ സ്വര്‍ണ്ണമാണ് ഇതെന്നു തിരിച്ചറിഞ്ഞത്. ജ്വല്ലറിയില്‍ വെയ്ക്കാനായി ഉടമ ജലീല്‍ കൊണ്ടുവന്നതായിരുന്നു ഇത്. ജ്വല്ലറി ഉടമ ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് സ്വര്‍ണ്ണമടങ്ങിയ കവര്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടി ബൈക്കിനുള്ളില്‍ വയ്ക്കുകയായിരുന്നു. ജീവനക്കാര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്തുള്ള ബൈക്കിനുള്ളിലാണ് ഇത് വച്ചത്.
എന്നാല്‍, തിരക്കിനിടെ ഇത് എടുക്കാന്‍ മറന്നുപോയി. സ്വര്‍ണ്ണം ഇരിക്കുന്നതറിയാതെ ഒപ്പിട്ട് താഴേക്ക് വന്ന ഉദയന്‍ ബൈക്കുമായി പോവുകയും ചെയ്തു. രേഖകള്‍ പരിശോധിച്ച പോലീസ് ഉദയന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണം ജ്വല്ലറി ഉടമയ്ക്കു തിരികെ നല്‍കി. യുവാവിനെ അഭിനന്ദിക്കാനും പോലീസ് മറന്നില്ല.