നെടുമ്പാശ്ശേരി അത്താണിക്ക് സമീപം മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ മുഖ്യപ്രതിയായ പത്തൊൻപതുകാരൻ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളെയും വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ നൽകിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. മുൻപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യഹർജി നിരസിച്ചിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തിരിച്ചറിയൽ പരേഡ് അടക്കമുള്ള തുടർനടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലെ ചായക്കടയിൽ നിന്ന് മടങ്ങിയ സ്കൂട്ടർ യാത്രക്കാരായ മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ് നിയന്ത്രണം വിട്ടുവന്ന മിനി കൂപ്പർ കവർന്നത്. വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടസമയത്ത് വാഹനം മണിക്കൂറിൽ 140 മുതൽ 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പുറമേ, പ്രതികൾ അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി അമിതമായി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിലും തെളിഞ്ഞു. സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. കേസിന്റെ തുടരന്വേഷണത്തിനായി മിനി കൂപ്പറിന്റെ ‘ഇവന്റ് ഡാറ്റാ റെക്കോർഡർ’ (EDR) അടക്കമുള്ള സാങ്കേതിക തെളിവുകൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. കസ്റ്റഡി കാലാവധി ലഭിക്കുന്നതോടെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കും.