Blog Post

Karanavars > News > International > ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; ദുരൂഹത

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; ദുരൂഹത

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന പേരിൽ സൈന്യത്തിൽനിന്ന് പുറത്താക്കപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ. എം. തഹ്സീഫ് സൗറിയെ (28) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാക്കയിലെ ഉത്തരഖാൻ മേഖലയിലുള്ള രാജാബാരി ഘട്ടിന് സമീപം തുരാഗ് നദിയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ ടോംഗി റിവർ പോലീസ് തഹ്സീഫിന്റെ മൃതദേഹം വീണ്ടെടുത്തത്. കാണാതായി രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ ഐഫോണും കൈഘടികാരവുമാണ് കൊല്ലപ്പെട്ടത് തഹ്സീഫ് സൗരിയാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാരന്റെ ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തുപോയ തഹ്സീഫ് പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. രാത്രിയിൽ വീട്ടിലേക്ക് തിരിച്ചെത്തുകയാണെന്ന് അമ്മയ്ക്ക് സന്ദേശം അയച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഇയാളെ ആരോ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തഹ്സീഫിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബവും ബന്ധുക്കളും ഉറപ്പിച്ചുപറയുന്നു. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന വീഡിയോ പുറത്തുവിട്ടതിനെത്തുടർന്ന് തഹ്സീഫ് നിരന്തരം വേട്ടയാടപ്പെടുകയും മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചു. ഈ വീഡിയോ അദ്ദേഹം സ്വയം പകർത്തിയതല്ലെന്നും ഒരു പൗരനെന്ന നിലയിൽ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും, വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് മറ്റൊരു സഹപ്രവർത്തകനായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.

2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച് ഇന്ത്യയിലേക്ക് കടന്ന സമയത്താണ് ഈ ഹെലികോപ്റ്റർ പലായന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് തഹ്സീഫിനെ വ്യോമസേനയിലെ ഫ്ലൈറ്റ് ലഫ്റ്റനന്റ് പദവിയിൽനിന്ന് നിർബന്ധിതമായി വിരമിപ്പിക്കുകയും രണ്ടു വർഷത്തേക്ക് പാസ്‌പോർട്ട് കണ്ടുകെട്ടുകയും ചെയ്തിരുന്നു. അതിനുശേഷവും രഹസ്യാന്വേഷണ ഏജൻസികൾ തഹ്സീഫിനെ നിരന്തരം നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇന്നലെ പുറത്തുവന്ന വാ വാർത്ത വലിയ രാഷ്ട്രീയ തലവേദനയായി മാറിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഹസീന ബംഗ്ലാദേശിലേക്ക് തിരികെ വരാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ ദുരൂഹമരണം സംഭവിച്ചിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *