Blog Post

Karanavars > News > Career > പിഎസ്‌സി ക്രമക്കേട്: ചെയർമാന്റെ ന്യായീകരണത്തിന് പിന്നാലെ അഡീഷണൽ സെക്രട്ടറി ഹരി ഒളിവിൽ

പിഎസ്‌സി ക്രമക്കേട്: ചെയർമാന്റെ ന്യായീകരണത്തിന് പിന്നാലെ അഡീഷണൽ സെക്രട്ടറി ഹരി ഒളിവിൽ

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം. ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ പ്രതി ചേർത്ത പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി ഒളിവിലാണെന്നും, ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നു.

ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (SIT) കേസിൽ പ്രതിയായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കോഴിക്കോട്ടെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിർണായക സ്വാധീനമുള്ള അഡീഷണൽ സെക്രട്ടറി ആർ. ഹരി ഒളിവിൽ പോയത്. കേസിൽ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ, വകുപ്പുതല നടപടിയുടെ ഭാഗമായി സർക്കാർ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.

ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ മൂല്യനിർണ്ണയ ഘട്ടത്തിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മനഃപൂർവം ഒഴിവാക്കിയാണ് വൻ അട്ടിമറി നടത്തിയത്. ഓൺ-സ്ക്രീൻ മൂല്യനിർണ്ണയത്തിനിടെ നടന്ന ഈ തിരിമറിയിലൂടെ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് മാത്രം ലഭിച്ച അരുൺ ജി. പ്രതാപ് എന്ന ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കുകാരനാക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പുറത്തുവന്ന തട്ടിപ്പിൽ സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്ന ന്യായീകരണവാദമാണ് പിഎസ്‌സി ചെയർമാൻ ഉയർത്തുന്നത്. പരീക്ഷാ നടത്തിപ്പിലോ മൂല്യനിർണ്ണയ സംവിധാനത്തിലോ ബോധപൂർവമായ തട്ടിപ്പ് നടന്നിട്ടില്ലെന്ന് ചെയർമാൻ വാദിക്കുമ്പോഴും, ഇത് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന വിമർശനം ശക്തമാണ്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വ്യക്തത വരുത്തിയ ശേഷം ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും കടുത്ത വിമർശനമാണ് സർക്കാരിനും പിഎസ്‌സിക്കുമെതിരെ ഉയർന്നത്. കേസിൽ പ്രധാന പ്രതികളെയും ഉന്നതരെയും സംരക്ഷിക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ക്രൈംബ്രാഞ്ച് നിർബന്ധിതരായത്. ഉന്നത ഇടപെടലുകൾ ഇല്ലാതെ ഇത്ര വലിയ ക്രമക്കേട് നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിൽ കൂടുതൽ രേഖകൾ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.

Leave a comment

Your email address will not be published. Required fields are marked *