കൊച്ചിയിൽ വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച ചേരാനല്ലൂർ വാഹനാപകടക്കേസിൽ, പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. താൻ ഉറങ്ങിക്കിടന്ന സമയത്താണ് മകൻ അറിയാതെ ബെൻസ് കാറുമായി പുറത്തേക്ക് പോയതെന്നും, അവന് വാഹനം ഓടിക്കാൻ അറിയാമായിരുന്നു എന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും ജഡ്ജി അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചു. മകൻ യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്ന് തന്നോട് പറഞ്ഞതായും ജഡ്ജി മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, ഈ മൊഴികളിൽ പലതിലും വൈരുധ്യങ്ങളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളത്. സംഭവദിവസം പുലർച്ചെ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് പതിനേഴുകാരൻ വാഹനവുമായി ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടര്ന്ന് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനായി മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗതയിലാണ് കുട്ടി വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. അപകടത്തിന് പിന്നാലെ അമിതവേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് കുട്ടി ഡിലീറ്റ് ചെയ്തതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് സൗത്ത് ചിറ്റൂർ സ്വദേശിയും തട്ടുകട ഉടമയുമായ ജയബാലകൃഷ്ണൻ (55) മരണപ്പെടുകയായിരുന്നു.വാഹനം ഓടിച്ച കുട്ടിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിന് മോട്ടോർ വാഹന നിയമപ്രകാരം കാറിന്റെ ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും പൊലീസ് കേസെടുത്തു. കേസിൽ ആദ്യഘട്ടത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കൂടാതെ, വിഷയം ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും പരിഗണനയിലാണ്. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.