Blog Post

Karanavars > News > ED > എക്‌സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

എക്‌സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സി.എം.ആര്‍.എല്‍ – എക്‌സാലോജിക് മാസപ്പടി വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. സി.പി.എം നേതാക്കള്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാര്‍ശയിലും റിപ്പോര്‍ട്ടിലും പെട്ടെന്ന് എഫ്.ഐ.ആര്‍ ഇടുന്നതിന് പകരം സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഇതുവരെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. സി.എം.ആര്‍.എല്ലില്‍ നിന്ന് വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കാതെ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ഇത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

കൂടാതെ, മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാടുകള്‍ വഴി വിദേശത്തേക്ക് പണം കടത്തിയെന്ന ഗുരുതരമായ ആരോപണവും ഇ.ഡി ഉന്നയിച്ചിട്ടുണ്ട്. ഇ.ഡി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എഫ്.ഐ.ആര്‍ വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഇ.ഡിയും ഉള്ളത്. രാഷ്ട്രീയ കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ കേസില്‍ ഹൈക്കോടതി ഇന്ന് പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകള്‍ നിര്‍ണ്ണായകമാകും.

Leave a comment

Your email address will not be published. Required fields are marked *