കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ആവേശകരമായ അവസാന ഓവർ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ തൃശൂർ ടൈറ്റൻസിന് നാല് വിക്കറ്റ് വിജയം. ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ അവസാന പന്ത് വരെ നീണ്ട റോങ് കോസ്റ്റർ മാച്ചിലാണ് തൃശൂർ വിജയം പിടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്.
തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർന്നടിഞ്ഞ കാലിക്കറ്റിനെ ഒരറ്റത്ത് പൊരുതിനിന്ന് മികച്ച സ്കോറിലേക്ക് നയിച്ചത് സൽമാൻ നിസാറാണ്. ഉത്തരവാദിത്തത്തോടെ ബാറ്റേന്തിയ സൽമാൻ നിസാർ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നത് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. തൃശൂർ ബൗളിങ് നിരയിൽ ശരത് പ്രസാദ് രണ്ട് വിക്കറ്റും ക്യാപ്റ്റൻ അഖിൽ എം.എസ്, ബിജു നാരായണൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിനായി ക്യാപ്റ്റൻ അഖിൽ എം.എസിന്റെ നേതൃനിരയിലെ പക്വതയാർന്ന ബാറ്റിങ് തുണച്ചു. ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയ മത്സരത്തിൽ അവസാന ഓവറുകളിൽ എത്തിയപ്പോഴാണ് കളി ഉദ്വേഗജനകമായത്. വിജയത്തിലേക്ക് അവസാന പന്തിൽ നാല് റൺസ് ആവശ്യമുണ്ടായിരുന്ന നിർണായക നിമിഷത്തിൽ എ.കെ. അർജുൻ സിക്സർ പറത്തി തൃശൂരിന് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു.
മത്സരത്തിലുടനീളം മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത അഖിൽ എം.എസ് മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി. ഈ വിജയത്തോടെ ടൂർണമെന്റിൽ തൃശൂർ ടൈറ്റൻസ് തങ്ങളുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.