Blog Post

Karanavars > News > Keralam > ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി

ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി

അർജന്റീന ഫുട്ബോൾ ടീമിനെയും ഇതിഹാസതാരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവ് രാജ്ഭവനിൽ നിന്നും പുറത്തിറങ്ങിയത്. ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മുൻ മന്ത്രിയെ കേസിൽ ഔദ്യോഗികമായി പ്രതിചേർക്കുകയും തുടർനടപടികളിലേക്ക് കടക്കുകയും ചെയ്യും.

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറിയ ഫയലിലാണ് ഗവർണറുടെ ഈ നിർണ്ണായക തീരുമാനം. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്താണ് പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ ഫയലിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു. പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിശദമായ നിയമോപദേശം തേടിയ ശേഷമാണ് അഴിമതി നിരോധന നിയമം 17 എ പ്രകാരം കേസെടുത്ത് മുന്നോട്ടുപോകാൻ അനുമതി നൽകിയത്.

വി. അബ്ദുറഹിമാന് പുറമെ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മുൻ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ എന്നിവരടക്കം അഞ്ച് പേരെ പ്രതിചേർക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ പ്രധാന ശുപാർശ. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി സ്പോൺസർഷിപ്പ് അനുവദിച്ചു, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു, കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തി ഓഫീസിൽ നിന്നും അനധികൃതമായി ഇ-മെയിലുകൾ അയച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് മുൻ മന്ത്രിക്കെതിരെയുള്ളത്. ഇതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണ സംഘം വിലയിരുത്തുന്നു.

ഗവർണറുടെ അനുമതി ലഭിച്ചതോടെ മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകളും മൊഴികളും ശേഖരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ അബ്ദുറഹിമാനെ നോട്ടീസ് നൽകി വിളിപ്പിക്കാനും അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കാനും അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. സംഭവം രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സി.പി.എമ്മിന്റെ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *