Blog Post

Karanavars > News > Keralam > ചാലയിൽ വൻ കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്നത് ബൈക്കിലെത്തിയ സംഘം

ചാലയിൽ വൻ കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്നത് ബൈക്കിലെത്തിയ സംഘം

തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമായ ചാല കമ്പോളത്തെ നടുക്കി വൻ സ്വർണക്കവർച്ച. ചാല സഭാവതി കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ‘വൈഷ്ണവി ജ്വല്ലറി’യുടെ ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം സ്വർണം തട്ടിയെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കടയടച്ച് വലിയശാലയിലുള്ള വീട്ടിലേക്ക് മകനൊപ്പം മടങ്ങുന്നതിനിടെയാണ് നടുക്കുന്ന കവർച്ച അരങ്ങേറിയത്.

മരക്കട റോഡിലെത്തിയപ്പോൾ പിന്നാലെ ബൈക്കിലെത്തിയ സംഘം നന്ദകുമാറിനെ തടഞ്ഞുനിർത്തുകയും കയ്യിലുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് ബലമായി പിടിച്ചുപറിച്ച് കടന്നുകളയുകയുമായിരുന്നു. ആദ്യഘട്ടത്തിൽ 250 പവനോളം (രണ്ടര കിലോ) സ്വർണം നഷ്ടമായതായാണ് പരാതി ഉയർന്നത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം, വിവിധ കടകളിൽ നിന്നും ശുദ്ധീകരണത്തിനായി നൽകിയ 15 പവനോളം പഴയ സ്വർണമാണ് ബാഗിലുണ്ടായിരുന്നതെന്ന് ഉടമ വ്യക്തമാക്കി.

നാലഞ്ച് കടകളിൽ നിന്നുള്ള സ്വർണം ശുദ്ധീകരിക്കുന്നതിനായി പതിവായി വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതി നന്ദകുമാറിനുണ്ടായിരുന്നു. കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടയുടമയുടെ ദിനചര്യകളും സ്വർണം വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയവും കൃത്യമായി അറിയാവുന്നവരാണ് കൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രതികൾ ഹോണ്ട സിബി 350 (Honda CB 350) ബൈക്കിലാണ് എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരമധ്യത്തിൽ നടന്ന ഈ മോഷണം വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്കും ഭീതിക്കും ഇടയാക്കിയിട്ടുണ്ട്. 

ഫോർട്ട് എസ്എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് (DANSAF), ഷാഡോ പൊലീസ് സംഘങ്ങളും സംയുക്തമായി അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാനമായ ബൈക്ക് വാങ്ങിയ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. നഗരത്തിലെ പ്രധാന പാതകളിലെല്ലാം വാഹന പരിശോധന കർശനമാക്കുകയും രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി സംഘടനകളും ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *