ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കാർട്ടൺ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിൽ ഇന്ന് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. എന്നാൽ പ്രധാന ഉദ്യോഗസ്ഥരാരും ഓഫീസിൽ ഇല്ലാതിരുന്നതിനാൽ നിർണായക രേഖകളൊന്നും കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ടെൻഡർ നടപടികൾ പാലിക്കാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് കോടികളുടെ കരാറുകൾ നൽകിയെന്നാണ് പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കാണിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിജിലൻസിന് പരാതി നൽകിയത്. 12 കോടിയിലധികം രൂപയുടെ പദ്ധതികളാണ് കാർട്ടൺ കമ്പനി ഏറ്റെടുത്ത് നടപ്പിലാക്കിയത്.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അഴീക്കലിലെ പൊതുമേഖലാ സ്ഥാപനമായ ‘സിൽക്ക്’ (SILK) ഓഫീസിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യക്ക് ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ ലഭിച്ചിരുന്നത്. അവിടെനിന്ന് പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുമ്പ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും അഞ്ച് പ്രധാന ഫയലുകൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
വിജിലൻസ് ഉത്തരാഞ്ചൽ എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ കമ്പനി ഡയറക്ടർമാർ, പി.പി. ദിവ്യ, പരാതിക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് തീരുമാനം. ദിവ്യയുടെയും ഭർത്താവിന്റെയും സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.