കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം പുകയുന്നു. ഗാനാലാപനം പൂർത്തിയാകുന്നതിന് മുൻപ് വേദിയിലുണ്ടായിരുന്ന മന്ത്രി കെ. മുരളീധരനും മറ്റ് ജനപ്രതിനിധികളും കസേരയിൽ ഇരുന്നതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. സംഭവത്തിൽ മന്ത്രി കെ. മുരളീധരൻ പൊതുസമൂഹത്തോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലാണ് സംഭവങ്ങളുടെ തുടക്കം. ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ആലപിക്കാൻ സംഘാടകർ നിശ്ചയിച്ചവർ ഗാനം പൂർണ്ണരൂപത്തിൽ പാടുകയായിരുന്നു. എന്നാൽ ഇതിൽ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി കെ. മുരളീധരൻ, ആലാപനം തീരുന്നതിന് മുൻപ് തന്നെ കസേരയിൽ തിരികെ ഇരുന്നു. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന ജില്ലാ കളക്ടർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ എം.എൽ.എ എന്നിവരും ഇരിക്കുകയായിരുന്നു. അതേസമയം, എൻ. എ. നെല്ലിക്കുന്ന് എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് പി. കെ. ഫൈസലും ഗാനം പാടി തീരുന്നത് വരെ വേദിയിൽ എഴുന്നേറ്റു നിൽക്കുകയും ചെയ്തു.
സർക്കാർ പരിപാടികളിലോ പൊതുവേദികളിലോ വന്ദേമാതരം പൂർണ്ണമായി ആലപിക്കാറില്ല എന്ന ധാരണയും മുൻപുള്ള തീരുമാനങ്ങളുമാണ് ചടങ്ങിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. മുൻകൂട്ടി അറിയിക്കാതെ സംഘാടകർ ഗാനം പൂർണ്ണമായി പാടിയതിലുള്ള അമർഷമാണ് മന്ത്രി കസേരയിൽ ഇരുന്ന് പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
എന്നാൽ മന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന നേതാക്കളുടെയും നടപടി ദേശീയ ഗാനത്തോടും ദേശീയ ഗീതത്തോടുമുള്ള ഗുരുതരമായ അവഹേളനമാണെന്ന് ബിജെപി ആരോപിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രി പരസ്യമായി ദേശീയ ഗീതം ആലപിക്കുമ്പോൾ ഇരുന്നത് ഭരണഘടനാ ലംഘനവും ആദരവില്ലായ്മയുമാണ്. അതിനാൽ മന്ത്രി കെ. മുരളീധരൻ നിരുപാധികം മാപ്പ് പറയണമെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നുമാണ് ബിജെപി നേതാക്കളുടെ ആവശ്യം. വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം.