മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി സന്നിധാനത്ത് അരവണ നിർമാണം വേഗത്തിലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര നടപടികളിലേക്ക്. തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് കരുതൽ ശേഖരം ഉറപ്പാക്കുന്നതിനായി മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് അടിയന്തരമായി വാങ്ങാനാണ് ബോർഡിന്റെ ആലോചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കിക്കഴിഞ്ഞു.
മണ്ഡലകാലത്തിന് മുന്നോടിയായി നട തുറക്കുന്നതുവരെ ഭക്തരിൽ നിന്ന് നെയ്യ് ലഭിക്കില്ലെന്നതിനാലാണ് നിലയ്ക്കലിലേക്ക് നേരിട്ട് നെയ്യ് എത്തിക്കാൻ ബോർഡ് ഒരുങ്ങുന്നത്. ആവശ്യമെന്ന് അറിയിച്ചാൽ രണ്ട് ദിവസത്തിനകം തന്നെ 10,000 ലിറ്റർ നെയ്യ് നൽകാൻ സന്നദ്ധമാണെന്ന് മിൽമ അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചാൽ പത്തനംതിട്ട യൂണിറ്റിൽ നിന്ന് പ്രത്യേക കവചിത വാഹനങ്ങളിൽ നെയ്യ് നേരിട്ട് പമ്പയിലെത്തിക്കാനാണ് മിൽമ ലക്ഷ്യമിടുന്നത്. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ വരുംദിവസങ്ങളിൽ ടെൻഡറിലൂടെ തുടർ വിതരണവും ഏറ്റെടുക്കും.
എന്നാൽ, മുൻ വർഷമുണ്ടായ നെയ്യ് വിതരണ ക്രമക്കേടും തുടർന്നുണ്ടായ അന്വേഷണങ്ങളുമാണ് നിലവിൽ കരാർ ഉറപ്പിക്കുന്നതിന് മുൻപുള്ള പ്രധാന വെല്ലുവിളി. മുൻപ് മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് സന്നിധാനത്ത് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടിംഗ് കരാർ ഏറ്റെടുത്തയാൾ തമിഴ്‌നാട്ടിലേക്ക് നെയ്യ് മറിച്ചുവിറ്റ് ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഈ കേസിൽ മിൽമയ്‌ക്കോ മിൽമ ജീവനക്കാർക്കോ യാതൊരു പങ്കുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, മുൻകരുതൽ എന്ന നിലയിൽ സംസ്ഥാന വിജിലൻസ് വിഭാഗത്തിന്റെ അനുമതിയും നിയമോപദേശവും തേടിയ ശേഷമേ കരാർ ഒപ്പുവെക്കൂ. നിയമോപദേശം അനുകൂലമായാൽ ഉടൻ തന്നെ വിതരണത്തിന് മിൽമ തുടക്കമിടും. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി മിൽമയുടെ സ്വന്തം വാഹനത്തിൽ സുരക്ഷിതമായി നെയ്യ് എത്തിക്കാനാണ് ഇത്തവണത്തെ ധാരണ.