പണം സമ്പാദിക്കാനായി നാലുവയസുകാരനായ ബന്ധുവിനെ കൊലപ്പെടുത്തി അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയായ ബസുദേവ് (27) എന്നയാളെ പൊലീസ് പിടികൂടി. കൊലപാതകം ആസൂത്രണം ചെയ്യാനും അവയവങ്ങൾ മാറ്റാനും ഇയാൾ ചാറ്റ് ജിപിടിയുടെ (ChatGPT) സഹായം തേടിയതാണ് പൊലീസിനെയും നാടിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.
തുടർച്ചയായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിഞ്ഞത്. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിച്ചിരുന്ന പ്രതിയായ ബസുദേവ്, പെട്ടെന്ന് പണക്കാരനാകാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയാണ് അവയവ വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടത്. തുടർന്ന് കൃത്യം എങ്ങനെ നിർവഹിക്കണമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞ 45 ദിവസമായി ഇയാൾ ചാറ്റ് ജിപിടി ആപ്പുമായി നിരന്തരം സംവദിക്കുകയും നിർദ്ദേശങ്ങൾ തേടുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ പുറത്തുവന്ന പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, നവംബർ 5-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൂലിപ്പണിക്കാരനായ റാംജീത് റാമിന്റെ നാല് വയസുകാരനായ മകനെയാണ് ബന്ധുകൂടിയായ ബസുദേവ് കൊലപ്പെടുത്തിയത്. കുട്ടിയെ ഭക്ഷണത്തിന്റെ പേരിൽ പറഞ്ഞുവിളിച്ച് കൊണ്ടുപോയി മദ്യം നൽകി ബോധം കെടുത്തുകയും, തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കിഡ്നി, ശ്വാസകോശം, കണ്ണുകൾ എന്നിവ ഇയാൾ വേർപെടുത്തി കട്ടിയുള്ള പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മറ്റൊരു സ്ഥലത്ത് കുഴിച്ചിടുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും കുട്ടിയുടെ അവയവങ്ങൾ വീണ്ടെടുത്തതായും പൊലീസ് അറിയിച്ചു.