അമേരിക്കയിൽ രാജ്യവ്യാപകമായി സ്വന്തം 5ജി മൊബൈൽ നെറ്റ്വർക്ക് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ചിപ് നിർമാതാക്കളായ ക്വൽകോമുമായി (Qualcomm Technologies) ഇലോൺ മസ്കിന്റെ സ്പേസ്എക്സ് നിർണായകമായ ബഹുവർഷ കരാറിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. സ്റ്റാർലിങ്ക് മൊബൈലിന്റെ (Starlink Mobile) കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ ടെലികോം രംഗത്ത് വലിയ പൊളിച്ചെഴുത്താനാണ് സ്പേസ്എക്സ് ലക്ഷ്യമിടുന്നത്.
ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങളെയും ഭൂമിയിലെ സെൽ ടവർ ശൃംഖലകളെയും സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആദ്യത്തെ പൂർണ്ണ തോതിലുള്ള നെറ്റ്വർക്കാണിത്. ഇതിനായി ക്വൽകോമിന്റെ അത്യാധുനിക ഡ്രാഗൺവിംഗ് (Dragonwing) സെല്ലുലാർ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമുകളാണ് സ്പേസ്എക്സ് ഉപയോഗിക്കുന്നത്. സാധാരണ മൊബൈൽ ടവറുകളുടെ സിഗ്നലുകൾ എത്താാത്ത ഉൾപ്രദേശങ്ങളിലും വിദൂര മേഖലകളിലും പോലും മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
പദ്ധതിയുടെ ഭാഗമായി അമേരിക്കയിലുടനീളം പതിനായിരക്കണക്കിന് പുതിയ ഭൗമ ബേസ് സ്റ്റേഷനുകളുടെ നിർമ്മാണം വരും വർഷങ്ങളിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഘട്ട പ്രവർത്തനങ്ങൾ 2027-ഓടെ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ അമേരിക്കയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ വെരിയോൺ, എടി ആൻഡ് ടി, ടി-മൊബൈൽ തുടങ്ങിയ വമ്പൻ കമ്പനികൾക്ക് കടുത്ത മത്സരം സമ്മാനിക്കാൻ ഇലോൺ മസ്കിന്റെ ഈ പുതിയ നീക്കത്തിന് സാധിക്കുമെന്നാണ് ടെലികോം വിപണിയിലെ വിലയിരുത്തലുകൾ. ഉപഗ്രഹ സാങ്കേതികവിദ്യയും ടെറസ്ട്രിയൽ 5ജി നെറ്റ്വർക്കും ഒരേസമയം സംയോജിപ്പിക്കുന്ന ഈ നൂതന പരീക്ഷണം ആഗോള ടെലികോം രംഗത്ത് തന്നെ വലിയൊരു വഴിത്തിരിവായി മാറും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.