കൊച്ചിയിൽ യുവനടിയും സംഘവും ചേർന്ന് ഡോക്ടറെ മർദ്ദിച്ചു പണം കവർന്ന കേസിൽ പുതിയ വഴിതിരിവുകൾ പുറത്തുവരുന്നു. ഡോക്ടറുടെ കയ്യിൽനിന്നും അക്രമികൾ കവർന്ന മൊബൈൽ ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി എന്ന പ്രധാന ചോദ്യത്തിലാണ് ഇപ്പോൾ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡോ. ജോൺസൺ കെ. വർഗീസിനെതിരെ തൃപ്പൂണിത്തുറ സ്വദേശിനിയായ അൻപതുകാരിയാണ് ഗുരുതരമായ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. യുവനടിയുടെ ബന്ധുവാണ് ഈ പരാതിക്കാരി. ഒക്ടോബർ 10-ന് തന്നെ ഡോക്ടർ മയക്കുമരുന്ന് നൽകി ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. ഡോക്ടറുടെ പക്കൽ തന്റെയും മറ്റ് പലരുടെയും സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്ന ഭയത്താലാണ് പരാതിപ്പെടാൻ വൈകിയതെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഡോക്ടറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവർ ചേർന്നാണ് ഡോക്ടറുടെ ഫോൺ കവർന്നത്. തുടർന്ന് ഈ ഫോൺ പീഡനത്തിനിരയായ സ്ത്രീക്ക് കൈമാറുകയും, ഈ ഫോണിലെ ഡിജിറ്റൽ തെളിവുകളോടെയാണ് ഇവർ ഇൻഫോപാർക്ക് പൊലീസിനെ സമീപ്പിച്ച് ഡോക്ടർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യിക്കുകയും ചെയ്തത്. കവർച്ച ചെയ്യപ്പെട്ട ഫോൺ എങ്ങനെ പരാതിക്കാരിയുടെ കൈവശമെത്തി എന്നതിനെക്കുറിച്ചും ഇതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
അതിനിടെ, കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ് ഒളിവിലാണെന്നും അദ്ദേഹം വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. ഡോക്ടറെ കണ്ടെത്താനായി പൊലീസ് ഇതിനകം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. പിടിച്ചെടുത്ത ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്ന് ഏകദേശം 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ വീണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.