സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ ഇന്ന് മുതൽ പെട്രോൾ പമ്പുകളിൽ മിന്നൽ പരിശോധന ആരംഭിക്കുന്നു. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് പരിശോധനയ്ക്കുള്ള കർശന നിർദ്ദേശം നൽകിയത്. കർണാടകയിൽ വിതരണം ചെയ്ത പെട്രോളിൽ 20 ശതമാനത്തിനും മുകളിൽ അമിതമായി എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയും, വാഹനങ്ങൾക്ക് വ്യാപകമായി തരാറുകൾ സംഭവിക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലുമാണ് കേരളത്തിലും നടപടി ശക്തമാക്കിയത്.
ഇന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് പ്രധാന ജില്ലകളിലാണ് ആദ്യഘട്ട പരിശോധന നടക്കുന്നത്. ഏതൊക്കെ പമ്പുകളിലാണ് പരിശോധന നടത്തുകയെന്ന വിവരം മുൻകൂട്ടി അറിയിക്കാതെയാണ് സ്ക്വാഡുകൾ എത്തുക. പമ്പുകളിൽ നിന്നോ ഇന്ധനം എത്തിക്കുന്ന ടാങ്കർ ലോറികളിൽ നിന്നോ ഒരു ലിറ്ററിന്റെ ആറ് സാമ്പിളുകൾ വീതം ശേഖരിക്കും. ഇതിൽ രണ്ടെണ്ണം എൻഎബിഎൽ (NABL) അല്ലെങ്കിൽ ഫൊറൻസിക് ലാബുകളിലേക്ക് പരിശോധനയ്ക്കായി അയക്കും. ശേഷിക്കുന്ന സാമ്പിളുകൾ പമ്പിലും സിവിൽ സപ്ലൈകോ ഗോഡൗണിലും ഭാവിയിലെ തെളിവുകൾക്കായി സീൽ ചെയ്ത് സൂക്ഷിക്കും.
പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്താനാണ് നിലവിൽ കേന്ദ്ര നയം (E20) അനുവദിക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ എഥനോൾ അടങ്ങിയാൽ വാഹനങ്ങളുടെ എഞ്ചിൻ ആയുസ്സ് കുറയുകയും ഇന്ധനക്ഷമത ഗണ്യമായി ഇടിയുകയും ചെയ്യും. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഈ പരിശോധനകളിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തിന് ശാസ്ത്രീയ പിന്തുണയുണ്ടെന്നും ആവശ്യമെങ്കിൽ പരിശോധനകൾ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ പരിശോധനയിൽ അമിത എഥനോളിന്റെ സാന്നിധ്യമോ മായം കലർത്തലോ കണ്ടെത്തിയാൽ വിതരണക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് സാമ്പിളുകൾ ശേഖരിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്.