സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അധ്യാപികയായിരുന്ന യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തി ലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യസൂത്രധാരന്മാരായ നാലു പേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രധാന പ്രതികളായ ആലപ്പുഴ സ്വദേശി ശ്രീരാജ് (30), തൃക്കാക്കര തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന കേസിന്റെ മുഖ്യകണ്ണി ‘അമ്മു’ എന്ന് വിളിക്കുന്ന ശരണ്യ, തൃശൂർ സ്വദേശി സഞ്ജു എന്നിവരെ വയനാട്ടിൽ നിന്നാണ് പോലീസ് കഴിഞ്ഞ ദിവസം വലയിലാക്കിയത്. ഓൺലൈൻ പരസ്യം കണ്ട് അഭിമുഖത്തിനെത്തിയ യുവതിക്ക് ബീയറിലും ഐസ്ക്രീമിലും മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ടത്.
കേസിലെ രണ്ടാം പ്രതിയായ ശരണ്യ നേരത്തെ സ്പായിലെ ജോലിക്കെത്തി ചൂഷണത്തിന് ഇരയായ വ്യക്തിയാണെന്നും, പിന്നീട് പെൺകുട്ടികളെ ഇത്തരം സംഘങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണിയായി മാറുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ശ്രീരാജ് പങ്കാളിത്തത്തോടെ നടത്തിയിരുന്ന കൂനംതൈയിലെ ‘ഡിലൈറ്റ് ആയുർവേദിക് സ്പാ’ പോലീസ് പൂട്ടിച്ച് സീൽ ചെയ്തു. ലോഡ്ജിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നീക്കം ചെയ്തിരുന്നതിനാൽ അവ ശാസ്ത്രീയമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിന് പിന്നിൽ വലിയ പെൺവാണിഭ-മയക്കുമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു.