തലസ്ഥാനത്തെ നടുക്കിയ ശ്രീകാര്യം പാങ്ങപ്പാറയിലെ 17കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന പെൺസുഹൃത്ത് അനന്ത (18) ഉൾപ്പെടെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. 17കാരനായ മുഖ്യപ്രതി, ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ, ശ്രീവരാഹം സ്വദേശിനിയായ അനന്ത എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതൽ കാണാതായ പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം സന്ദേശങ്ങളെച്ചൊല്ലിയുള്ള തർക്കവും പ്രണയപ്പകയുമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും അനന്തയ്ക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി കോൾ ചെയ്യിച്ചാണ് അഭിറാമിനെ പ്രതികൾ ആളൊഴിഞ്ഞ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിറാം അപകടം മണത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യം നടപ്പാക്കിയ വിവരം ഒന്നാം പ്രതി ഉടനടി പെൺകുട്ടിയെ അറിയിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
അതേസമയം, കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കൊല്ലപ്പെട്ട അഭിറാമിന്റെ കുടുംബം ആരോപിക്കുന്നു. ഞായറാഴ്ച കുട്ടി വീട്ടിൽ തിരികെയെത്താതിരുന്നതിനെ തുടർന്ന് ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടക്കത്തിൽ അന്വേഷണത്തിൽ അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും കൊണ്ട് സംഭവസ്ഥലത്ത് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.