അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ട്രംപ് ഭരണകൂടത്തിനും കനത്ത നിയമ തിരിച്ചടി. കാലിഫോർണിയയിൽ തപാൽ മാർഗ്ഗം (പോസ്റ്റൽ വോട്ട്) വോട്ട് രേഖപ്പെടുത്തിയ ഇരുപതിനായിരത്തോളം പേർ അമേരിക്കൻ പൗരന്മാരല്ലെന്നും അതിനാൽ ഈ വോട്ടുകൾ മാറ്റിനിർത്തണമെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി.
ഇന്ന് ചൊവ്വാഴ്ച രാജ്യത്തുടനീളം വോട്ടെടുപ്പ് നടക്കാനിരിക്കെ, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച അടിയന്തര ഹർജി മിനിറ്റുകൾക്കകം വിലയിരുത്തിയാണ് പരമോന്നത കോടതി ജഡ്ജിമാർ ട്രംപിന്റെ ആവശ്യം നിരാകരിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു നടപടി അനുവദിക്കുന്നത് വലിയ അനിശ്ചിതത്വത്തിനും പതിനായിരക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും കാരണമാകുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ആരോപണവും കോടതി നിരീക്ഷണവും
കാലിഫോർണിയയിലെ ഇലക്ഷൻ വോട്ടർ പട്ടികയിൽ യുഎസ് പൗരത്വമില്ലാത്ത പതിനായിരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ തപാൽ വഴി വോട്ട് ചെയ്ത 20,000 പേരുടെ ബാലറ്റുകൾ പ്രത്യേകം മാറ്റിവെക്കണമെന്നുമായിരുന്നു ട്രംപിന്റെയും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെയും വാദം. എന്നാൽ ട്രംപ് ഉന്നയിച്ച പൗരത്വ സംശയങ്ങൾ തെളിവില്ലാത്തതും അനുമാനങ്ങൾ മാത്രം അധിഷ്ഠിതവുമാണെന്ന് ലോവർ കോടതിയും വ്യക്തമാക്കിയിരുന്നു. സമഗ്ര പരിശോധനയിൽ വോട്ടർ പട്ടികയിൽ തെറ്റായി അടയാളപ്പെടുത്തിയവരിൽ ഭൂരിഭാഗവും അടുത്തിടെ യുഎസ് പൗരത്വം നേടിയ യഥാർത്ഥ വോട്ടർമാരാണെന്ന് വ്യക്തമായി.
ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണായക നീക്കം സുപ്രീം കോടതിയിൽ പരാജയപ്പെടുന്നത്. ജനവിധി നിർണയിക്കുന്ന ഈ അവസാന മണിക്കൂറുകളിൽ പുറത്തുവന്ന കോടതി ഉത്തരവ് റിപ്പബ്ലിക്കൻ ക്യാമ്പിന് തിരിച്ചടിയാവുകയും വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.