വോട്ടു ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിച്ച് പ്രതിപക്ഷ ഇന്‍ഡ്യ സഖ്യം. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ഇന്ന് പ്രതീകാത്മക ‘ജനകീയ കുറ്റവിചാരണ’ (ജന്‍ മഹാഭിയോഗ്) നടക്കും. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്‍ഡ്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിരന്തര പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഇന്ന് വൈകീട്ട് രാജാജി മാര്‍ഗിലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് ഈ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ, ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് മുന്നണിയിലെ പ്രമുഖ നേതാക്കളും എംപിമാരും പൗരാവകാശ സംഘടനകളുടെ പ്രതിനിധികളും പ്രമേയത്തെ പിന്തുണച്ച് സംസാരിക്കും. വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയ്ക്കിടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതായി പരാതിയുള്ള സാധാരണക്കാരായ പൗരന്മാരെയും വേദിയിലെത്തിച്ച് സാക്ഷ്യപ്പെടുത്താനാണ് സഖ്യത്തിന്റെ തീരുമാനം.
ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പരിപാടിയുടെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി സദസ്സിനെ അഭിസംബോധന ചെയ്യും. ഇതിനുശേഷം മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കേവലം രാഷ്ടീയ പ്രതിഷേധത്തിനപ്പുറം പൊതുജന പങ്കാളിത്തത്തോടെയുള്ള വിചാരണയായി ഇതിനെ മാറ്റാനാണ് ഇന്‍ഡ്യ മുന്നണി ലക്ഷ്യമിടുന്നത്.
ഇന്ന് നടക്കുന്ന മോക്ക് ഇംപീച്ച്‌മെന്റിന് പിന്നാലെ, മറ്റന്നാള്‍ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ കൂറ്റൻ മഹാറാലിയും സഖ്യം പ്ലാന്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഈ റാലിയില്‍ അണിനിരക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ഇന്‍ഡ്യ സഖ്യ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ വിഷയം രാജ്യവ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.