വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമായി നിശ്ചയിക്കാനുള്ള നിലവിലെ വിപണി സംവിധാനത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ല. എന്നാൽ, പ്രകൃതിദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുന്ന സമയങ്ങളിൽ വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കർശനമായി ഇടപെടുമെന്ന് കേന്ദ്ര മന്ത്രി കെ. രാം മോഹൻ നായിഡു വ്യക്തമാക്കി.
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ തയാറായതായും, രണ്ട് ആഴ്ചയ്ക്കകം ഇവ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും ഇന്നലെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയം വ്യക്തമാക്കി മന്ത്രാലയത്തിന്റെ വിശദീകരണം പുറത്തുവന്നത്. സ്വാഭാവിക സമയങ്ങളിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് നിരക്ക് മാറുന്ന ‘ഡൈനാമിക് പ്രൈസിംഗ്’ രീതി തുടരാൻ വിമാനക്കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും. സാധാരണ സർവീസുകളിൽ ടിക്കറ്റ് നിരക്കിന് ഉയർന്ന പരിധി (Cap) നിശ്ചയിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ല. സ്വതന്ത്ര വിപണി തത്ത്വങ്ങൾ പാലിക്കുന്നത് വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതേസമയം, പ്രകൃതിക്ഷോഭങ്ങൾ, യുദ്ധസമാനമായ അന്തരീക്ഷം, അല്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ യാത്രക്കാരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി കുതിച്ചുയരുന്നത് തടയാൻ പ്രത്യേക പരിധി നിശ്ചയിക്കും. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, അല്ലാത്തപക്ഷം നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. പുതിയ ഭാരതീയ വായുയാൻ അധിനിയം (Bharatiya Vayuyan Adhiniyam) അടിസ്ഥാനമാക്കിയാണ് നിരക്കുകളും മറ്റ് യാത്രാ ചാർജുകളും നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖകൾ തയാറാക്കിയിരിക്കുന്നത്.