Blog Post

Karanavars > News > Economy > സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1,08,120 രൂപയായി കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1,08,120 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണവിലയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,08,120 രൂപയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയോളം കുറഞ്ഞിരുന്നു. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,515 രൂപയായാണ് താഴ്ന്നിരിക്കുന്നത്.

ആഗോള വിപണിയിലെ കറന്‍സി വ്യതിയാനങ്ങളും അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. സൗദി അറേബ്യയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷാവസ്ഥയും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എണ്ണവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമായിട്ടുണ്ട്.

ഇതിന് പുറമേ, അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. യുഎസില്‍ പണപ്പെരുപ്പം കൂടിയതിനാല്‍ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *