വരാനിരിക്കുന്ന ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ വിപുലമായ യാത്രാ പദ്ധതികളുമായി കെഎസ്ആർടിസി. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് തീർഥാടന സീസണിനായുള്ള സർവീസ് വിശദാംശങ്ങൾ കെഎസ്ആർടിസി ഔദ്യോഗികമായി അറിയിച്ചത്.
തീർഥാടകരുടെ സൗകര്യാർത്ഥം മണ്ഡലപൂജാ കാലയളവിൽ 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളും ഉൾപ്പെടെ രണ്ടു ഘട്ടങ്ങളിലായി ആകെ 1022 സർവീസ് ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുക. ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും ആവശ്യമെങ്കിൽ ലീസ് വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. സർവീസുകളുടെ തടസ്സമില്ലാത്ത നടത്തിപ്പിനായി രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാരെയും നിയോഗിക്കും.
ഭക്തരുടെ പ്രധാന കേന്ദ്രമായ നിലയ്ക്കലിൽ മണ്ഡലപൂജാ ഘട്ടത്തിൽ 180 ബസുകളും മകരവിളക്ക് സമയത്ത് 220 ബസുകളും സർവീസിനായി വിന്യസിക്കും. പമ്പ–നിലയ്ക്കൽ റൂട്ടിൽ തുടർച്ചയായി ചെയിൻ സർവീസുകൾ ലഭ്യമാക്കാനും ക്രമീകരണങ്ങൾ പൂർത്തിയായി. തീർഥാടകർ കൂടുതലായി ആശ്രയിക്കുന്ന ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ഘട്ടംഘട്ടമായി ക്രമീകരിക്കും. തിരുവനന്തപുരം സെൻട്രൽ, എറണാകുളം, പത്തനംതിട്ട, എരുമേലി, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ പ്രധാന ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നേരിട്ടുള്ള സ്പെഷ്യൽ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കും. ദീർഘദൂര യാത്രക്കാർക്കായി ഓൺലൈൻ റിസർവേഷൻ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും തീർഥാടകർക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.