Blog Post

Karanavars > News > Court > അഭിമന്യു വധക്കേസ്: പ്രതികൾ മാസ്കും തൊപ്പിയും ധരിച്ചെത്തി; ശാസിച്ച് കോടതി

അഭിമന്യു വധക്കേസ്: പ്രതികൾ മാസ്കും തൊപ്പിയും ധരിച്ചെത്തി; ശാസിച്ച് കോടതി

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ ഏറെ നീണ്ട നിയമനടപടികൾക്ക് ശേഷം ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. വിചാരണയുടെ ആദ്യ ദിവസമായ ഇന്നലെ കോടതിയിൽ ഹാജരായ പ്രതികളുടെ വേഷവിധാനവും രൂപവും ഏറെ ചർച്ചയായി മാറിയിരുന്നു. കേസിലെ വിചാരണ നടപടികൾക്കായി എത്തിയ 16 പ്രതികളും ഒരേപോലെയുള്ള വെള്ള വസ്ത്രവും കറുത്ത തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് കോടതിയിൽ എത്തിയത്. കൂടാതെ എല്ലാവരും ഒരേ രീതിയിൽ തലമുടി വെട്ടിയും മീശ വടിചുമാണ് കോടതിയിൽ ഹാജരായത്.

പ്രതികൾ ബോധപൂർവ്വം സാക്ഷികൾക്ക് തിരിച്ചറിയാൻ കഴിയാത്തവിധം രൂപമാറ്റം വരുത്തി എത്തിയതാണെന്ന് വ്യക്തമായതോടെ കോടതി ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പ്രതികളെ രൂക്ഷമായി ശാസിക്കുകയും ചെയ്തു. തുടർന്ന് മുഖംമൂടികൾ മാറ്റാൻ ജഡ്ജി കർശന നിർദ്ദേശം നൽകി. സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ ഇനിയും ഇത്തരം തന്ത്രങ്ങൾ ആവർത്തിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കോടതി പ്രതികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ നടന്ന വിചാരണയിൽ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നൽകിയ സഹപാഠിയായ സാക്ഷിയെ കോടതി വിസ്തരിച്ചു.

എന്നാൽ പ്രതികളുടെ രൂപമാറ്റം കാരണം സാക്ഷിക്ക് ചില പ്രതികളെ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. വിചാരണയുടെ തുടർന്നുള്ള ദിവസങ്ങളിലും എതിർവിസ്താരം നടത്തുമ്പോഴും സമാനമായ രീതി തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നാളെയും സാക്ഷി വിസ്താരം തുടരുന്നതാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജും, അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി അഡ്വ. കെ.എസ്. അരുൺ കുമാറും, പ്രതികൾക്കായി മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ളയുമാണ് കോടതിയിൽ ഹാജരായത്. ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഈ നിർണ്ണായക വിചാരണ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *