നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ എക്സൈസ് വകുപ്പ് നിയമനടപടികൾ ശക്തമാക്കുന്നു. കേരളത്തിൽ മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ, 19-കാരനായ സുഹൈൽ മദ്യം ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് എക്സൈസ് അബ്കാരി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
അപകടസമയത്ത് സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്നാണ് കാക്കനാട്ടെ റീജ്യണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലം വ്യക്തമാക്കുന്നത്. കൊച്ചിയിലെ വിവിധ ബാറുകളിൽ നിന്ന് തുടർച്ചയായി മദ്യം അകത്താക്കിയ ശേഷമാണ് പ്രതി അമിതവേഗത്തിൽ വാഹനം ഓടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയതിന് എക്സൈസ് ഇതിനോടകം പ്രമുഖ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ, ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിനൊപ്പം എക്സൈസ് സംഘം സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന പുതിയ വിവരങ്ങൾ. അമിതവേഗതയിൽ പാഞ്ഞ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്ന് യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ, എക്സൈസിന്റെ പുതിയ കേസും കടു്ത്ത ശാസ്ത്രീയ തെളിവുകളും പ്രതിക്ക് വരുംദിവസങ്ങളിൽ വലിയ തിരിച്ചടിയാകും.