തലസ്ഥാന നഗരിയെ കടുത്ത സുരക്ഷാ വലയത്തിലാക്കി പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഡൽഹിയിലെ ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ മിന്നൽ സമരം. സമരം തടയാനായി ഡൽഹി അതിർത്തികളിലും ജന്ദർ മന്ദറിലും ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇന്ന് പെട്ടെന്ന് സി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾക്കെതിരെയുമായിരുന്നു സമരം. അനുമതിയില്ലാത്ത പ്രതിഷേധമായതിനാൽ പോലീസ് ഉടനടി ഇടപെട്ട് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ, സൗരവ് ദാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ സി.ജെ.പിയുടെ പ്രധാന നേതാക്കളെ വിമാനത്താവളങ്ങളിൽ വെച്ചും വസതികളിൽ വെച്ചും പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നിരുന്നാലും, അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ പ്രവർത്തകർ “എവിടെ തടയുന്നോ, അവിടെ ജന്ദർ മന്ദർ” എന്ന പുതിയ തന്ത്രവുമായി പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസിനെ വെട്ടിച്ച് പ്രവർത്തകർ മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.
സമരക്കാരെ നീക്കാനും ക്രമസമാധാനം പാലിക്കാനുമായി ഡൽഹി പോലീസും കേന്ദ്ര സേനയും കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കസ്റ്റഡിയിലെടുത്താലും തങ്ങളുടെ പോരാട്ടം തുടരുമെന്നും ജനാധിപത്യപരമായ അവകാശങ്ങൾക്കായി തെരുവിൽ തുടരുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കി.