Blog Post

Karanavars > News > Economy > സ്വര്‍ണവിലയില്‍ ഇടിവ്: രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1,560 രൂപ

സ്വര്‍ണവിലയില്‍ ഇടിവ്: രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ കുറവ് തുടരുന്നു. രണ്ടു ദിവസത്തിനിടെ പവന് 1,560 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപ കുറഞ്ഞ് 13,685 രൂപയിലാണ് നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഈ വലിയ ഇടിവോടെ സ്വർണവില 1,10,000 രൂപയ്ക്ക് താഴെ തന്നെ തുടരുകയാണ്.

ഇന്നലെ മാത്രം രണ്ടുതവണയായി പവന് 1,280 രൂപയുടെ വലിയ ഇടിവാണ് വിപണിയിലുണ്ടായത്. ആഗോള വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയെ താഴേക്ക് നയിക്കുന്നത്. പ്രധാനമായും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് സ്വർണവിലയെ വൻതോതിൽ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വിലയിൽ ബാരലിന് 1.21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 105.4 ഡോളറായി താഴ്ന്നിട്ടുണ്ട്.

ഇതിനുപുറമേ, ഉടൻ പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും സാമ്പത്തിക വിപണിയെ വരുംദിവസങ്ങളിൽ ശക്തമായി സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് ഉയർന്നാൽ പലിശനിരക്ക് വർധിപ്പിക്കാൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാകും. പലിശനിരക്ക് ഉയരുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിലെ ഇത്തരം സാമ്പത്തിക മാറ്റങ്ങൾ വരുംദിവസങ്ങളിലും സ്വർണവിലയെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *