Blog Post

Karanavars > News > Druguse >  കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി;  പ്രതികളായ റോഷ്‌നിയും റുബൈദയും പിടിയിൽ

 കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി;  പ്രതികളായ റോഷ്‌നിയും റുബൈദയും പിടിയിൽ

സംസ്ഥാനത്തെ ജയിൽ സുരക്ഷയെ തന്നെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ വനിതാ ജയിലിൽ അതിസുരക്ഷാ മേഖലയ്ക്കുള്ളിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംഡിഎംഎ വിൽപന കേസിൽ റിമാൻഡിലായി ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരിൽ നിന്നാണ് നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്. ജയിൽ അധികൃതർ നടത്തിയ കർശന പരിശോധനയിലാണ് പ്രതികളിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്.

കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ പി.കെ (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എംഡിഎംഎ പിടികൂടിയത്. ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇരുവരും അറസ്റ്റിലായി ജയിലിൽ എത്തിയത്. ഇതിൽ റോഷ്‌നി സാവിയോ ആറുദിവസം മുൻപും റുബൈദ രണ്ടുദിവസം മുൻപൂമാണ് ജയിലിലെത്തിയത്. തുടർന്ന് ജയിൽ ജീവനക്കാർ നടത്തിയ പതിവ് പരിശോധനയ്ക്കിടെ സെല്ലിനുള്ളിലെ ഒരു ഗ്ലാസിനുള്ളിൽ വളരെ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

ജയിലിനുള്ളിൽ എങ്ങനെ ലഹരിമരുന്ന് എത്തി എന്നതു സംബന്ധിച്ച് അധികൃതർ ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയതായി ജയിലിൽ എത്തിയ പ്രതികൾക്ക് പുറത്തുനിന്നും ലഹരി എത്തിച്ചു നൽകിയതാണോ അതോ ജയിലിനുള്ളിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ജയിൽ അധികൃതർ ഉടൻതന്നെ ടൗൺ പോലീസിനെ വിവരം അറിയിക്കുകയും, പ്രതികളെക്കുറിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ജയിലുകൾക്കുള്ളിൽ തടവുകാർ ലഹരിവസ്തുക്കൾ എത്തിക്കുന്നതും ഉപയോഗിക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *