വയനാട് സുൽത്താൻ ബത്തേരി 54-ന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ ഡ്രൈവർ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരണപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികളുടെ വിനോദയാത്രാ സംഘമാണ് അപകടത്തിൽപെട്ടത്.
ഇന്ന് പുലർച്ചെ ഏകദേശം ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. മൂന്നാറിലേക്ക് നടത്തിയ വിനോദയാത്രയ്ക്ക് ശേഷം തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികളുടെ സംഘം. സുൽത്താൻ ബത്തേരി ദേശീയപാതയിലൂടെ വരികയായിരുന്ന വാഹനം എതിരെ വന്ന ലോറിക്ക് വശം ഒതുക്കിക്കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 13 വിദ്യാർത്ഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ ആകെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ പ്രാദേശികവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രഞ്ജിത്തും കുക്ക് ആയ ഭരതും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ട്രാവലറിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾക്ക് നിസ്സാരവും ഗുരുതരവുമായ പരിക്കുകള പറ്റിയിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി വരുന്നു. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.