നെടുമ്പാശേരി അത്താണി വിഐപി റോഡിൽ മൂന്ന് നിരപരാധികളുടെ ജീവനെടുത്ത ക്രൂരമായ വാഹനാപകടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ 19-കാരൻ സുഹൈൽ സജീവ് മദ്യലഹരിയിൽ മണിക്കൂറിൽ 120 കിലോമീറ്ററിലേറെ വേഗതയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാർ പറപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇന്നലെ പുലർച്ചെ 1.45-ഓടെയാണ് കൊച്ചിയെയും നാടിനെയും ഒരുപോലെ നടുക്കിയ ദുരന്തം സംഭവിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് അമിതവേഗതയിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും തൽക്ഷണം മരിച്ചു.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി സുഹൈൽ നൽകിയ മൊഴി ലഹരിയുടെയും ധാർഷ്ട്യത്തിന്റെയും വ്യാപ്തി വ്യക്തമാക്കുന്നതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് വൈറ്റിലയിലെ ബാറിൽ നിന്നും മദ്യപിച്ചു തുടങ്ങിയ സുഹൈൽ, വൈകിട്ടോടെ പാലാരിവട്ടത്തെ ബാറിലും തുടർന്ന് രാത്രി നെടുമ്പാശേരിയിലെ ബാറിലും കയറി മദ്യം കഴിച്ചിരുന്നു. മൂന്ന് ബാറുകളിൽ കയറി ലഹരി നുണയുന്ന ദൃശ്യങ്ങൾ പ്രതി സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. 23 വയസ്സിന് താഴെയുള്ള യുവാവിന് മദ്യം നൽകിയതിന് ഈ മൂന്ന് ബാറുകൾക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.
അപകടശേഷവും യാതൊരു കൂസലുമില്ലാതെ പെരുമാറിയ സുഹൈലിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിച്ചത്. കാറിന്റെ സെൻസർ കേടാകുമെന്നും ഡോർ തുറക്കരുതെന്നും പറഞ്ഞ് നാട്ടുകാരോട് തർക്കിച്ച പ്രതി, ‘എല്ലാം തന്റെ വാപ്പ നോക്കിക്കോളും’ എന്ന് ആക്രോശിക്കുകയും ചെയ്തു.
കേസിൽ കാറിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്ത് നിനവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിതവേഗതയും മദ്യപിച്ച് വാഹനമോടിച്ചതുമാണ് മൂന്ന് വളർന്നുവരുന്ന യുവജീവനുകളെ റോഡിൽ പൊഴിച്ചുകളഞ്ഞത്.