ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ അതിക്രമിച്ചുകയറി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കളെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയിൽ കടുത്ത വിയോജിപ്പുമായി എയർ ഇന്ത്യ രംഗത്ത്. ആരാണ് പൊലീസിന് ഇതിന് അനുമതി നൽകിയതെന്നും എതുതരം നടപടിക്രമങ്ങളാണ് പാലിച്ചതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ അധികൃതർ ഔദ്യോഗികമായി വിശദീകരണം തേടി.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നിന്നും ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ.ഐ. 2428 വിമാനത്തിൽ യാത്രക്കാർ പുറത്തിറങ്ങും മുൻപ് പൊലീസ് സംഘം ഇരച്ചുകയറിയത്. തുടർന്ന് സി.ജെ.പി. നേതാക്കളായ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സീറ്റുകളിൽ നിന്ന് ബലമായി കസ്റ്റഡിയിലെടുത്ത് ടർമാക് ഏരിയയിലെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. 2023-ലെ എയർക്രാഫ്റ്റ് (സെക്യൂരിറ്റി) റൂൾസ് പ്രകാരം വിമാനങ്ങളുടെ അകത്തുള്ള സുരക്ഷയും പ്രവേശനവും നിയന്ത്രിക്കാനുള്ള പൂർണ്ണ അധികാരം എയർലൈനുകൾക്കാണ്. എന്നാൽ എയർലൈനുമായി യാതൊരുവിധ മുൻകൂട്ടി ഏകോപനവുമില്ലാതെ പൊലീസ് വിമാനത്തിനുള്ളിൽ പ്രവേശിച്ചതാണ് എയർ ഇന്ത്യയെ ചൊടിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യാത്രാസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് എയർ ഇന്ത്യയുടെ ആവശ്യം. അതേസമയം, വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് തങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും എന്നാൽ കുറ്റവാളികളെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്നും കാണിച്ച് നേതാക്കൾ പുറത്തുവിട്ട വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിമാനത്തിനകത്ത് വെച്ച് സഹയാത്രികരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധവും കൂവലുകളും നേരിടേണ്ടിവന്ന ഈ സംഭവം വ്യോമയാന മേഖലയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.